View in English

കുളപ്പുള്ളി

തൃശ്ശൂര്‍ - ഷൊര്‍ണ്ണൂര്‍ - പട്ടാമ്പി റോഡ്, പാലക്കാട് - പൊന്നാനി റോഡുമായി കൂടിച്ചേരുന്ന ചെറുപട്ടണം ആണ് കുളപ്പുള്ളി. ഷൊര്‍ണ്ണൂരില്‍ നിന്നും 4 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്നു. ഷൊര്‍ണ്ണൂര്‍ നഗരസഭാ പരിധിയില്‍ കുറച്ച് കാലങ്ങളായി, പ്രത്യേകിച്ച് പുതിയ ബസ് സ്റ്റാന്റ് വന്നതിന് ശേഷം, നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം കുളപ്പുള്ളി കേന്ദ്രീകരിച്ചാണ്. ചില ബസ്സുകള്‍ (പ്രത്യേകിച്ച് തൃശ്ശൂര്‍ - ഒറ്റപ്പാലം ബസ്സുകള്‍) ട്രാഫിക് പോലീസ് ഉണ്ടെങ്കില്‍ മാത്രമേ സ്റ്റാന്റില്‍ കയറാറുള്ളു എങ്കിലും, ബസ് സ്റ്റാന്റും പരിസരവും ഒരു വ്യാപാര കേന്ദ്രമായി വളര്‍ന്ന് കൊണ്ടിരിക്കുന്നു. സേലം - ഗുരുവായൂര്‍ SETC (തമിഴ്‌നാട്), നിലമ്പൂര്‍ - തിരുവനന്തപുരം എക്സ്‌പ്രസ്സ്, വണ്ടൂര്‍ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, നിലമ്പൂര്‍ - എറണാകുളം ലോ ഫ്ലോര്‍, തുടങ്ങി നിരവധി ദീര്‍ഘദൂര ബസ്സുകള്‍ കുളപ്പുള്ളിയിലൂടെ കടന്ന് പോകുന്നു. അത് കൊണ്ട് തന്നെ, വെറും മൂന്നേക്കാല്‍ കിലോമീറ്റര്‍ അപ്പുറമുള്ള ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഏത് സമയത്തും കുളപ്പുള്ളിയില്‍ നിന്നും എത്തിപ്പെടാവുന്നതാണ്.


കുളപ്പുള്ളി യഥാര്‍ഥത്തില്‍ 4 പ്രധാന പാതകളുടെ സംഗമം ആണ് - കിഴക്ക് വശത്തേയ്ക്ക് പാലക്കാട്, പടിഞ്ഞാറ് വശത്തേയ്ക്ക് പട്ടാമ്പി, തെക്ക് വശത്തേയ്ക്ക് ഷൊര്‍ണ്ണൂര്‍ - തൃശ്ശൂര്‍ എന്നീ റോഡുകള്‍ ഒരു T ജങ്ക്ഷനില്‍ കുളപ്പുള്ളിയില്‍ കൂടിച്ചേരുന്നു. പട്ടാമ്പി റോഡില്‍ കുറച്ച് വാര മാറിയാല്‍ വടക്കോട്ട് കയില്യാട് റോഡ് ഉണ്ട്. ഈ റോഡ് വഴി മുണ്ടക്കോട്ടുകുറുശ്ശി, ചളവറ, കയില്യാട്, പാതിരിക്കുന്ന് മന, വല്ലപ്പുഴ, ചെര്‍പ്പുളശ്ശേരി എന്നീ സ്ഥലങ്ങളിലേക്ക് എത്താവുന്നതാണ്. സര്‍ക്കാര്‍ പ്രിന്റിങ്ങ് പ്രസ്, അഗ്നിശമന വിഭാഗം, മെറ്റല്‍ ഇന്‍ഡസ്ട്രീസ് എന്നീ സ്ഥാപനങ്ങള്‍ ഷൊര്‍ണ്ണൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്നു. മാടക്കത്തറ 400 KV ലൈനില്‍ നിന്നും വൈദ്യുതി കൊണ്ട് വന്ന് അയല്‍പ്രദേശങ്ങളില്‍ ഉള്ള 110 KV സബ്‌സ്റ്റേഷനുകള്‍ക്കും ഷൊര്‍ണ്ണൂരിലെ 11 KV ഫീഡറുകള്‍ക്കും നല്‍കുന്ന 220 KV സബ്‌സ്റ്റേഷന്‍ കുളപ്പുള്ളിയില്‍ പ്രവര്‍ത്തിക്കുന്നു. കുളപ്പുള്ളിയില്‍ രണ്ട് പെട്രോള്‍ പമ്പുകള്‍ ഉണ്ട്, അതില്‍ ഷൊര്‍ണ്ണൂര്‍ റോഡില്‍ ഉള്ളത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. എസ് എന്‍ കോളേജും അല്‍-അമീന്‍ എഞ്ചിനീയറിങ്ങ് കോളേജും ആണ് കുളപ്പുള്ളിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കോളേജുകള്‍. പാലക്കാട് റോഡിനോട് ചേര്‍ന്നുള്ള കാര്‍മല്‍ സ്കൂള്‍ ഒരു പ്രമുഖ CBSE സ്കൂള്‍ ആണ്. ഷൊര്‍ണ്ണൂര്‍ വ്യാവസായിക മേഖല കുളപ്പുള്ളി ജങ്ക്ഷനില്‍ നിന്നും വടക്ക് മാറി പ്രവര്‍ത്തിക്കുന്നു. പാലക്കാട് റോഡില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പോപ്പുലര്‍ മോട്ടോഴ്സ് ഒരു പുതിയ മാരുതി സെയില്‍സ് ആന്റ് സര്‍വീസ് സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. 3 ബാങ്കുകളും ധാരാളം വ്യാപാര സ്ഥാപങ്ങളും കുളപ്പുള്ളിയില്‍ പ്രവര്‍ത്തിച്ച് വരുന്നു.