View in English

ഒറ്റപ്പാലം

ഭാരതപ്പുഴയോത്ത് സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയിലെ ഒരു താലൂക്ക് ആസ്ഥാനമാണ് ഒറ്റപ്പാലം. സംസ്കാരപാരമ്പര്യത്തിന് പേര് കേട്ട ഒറ്റപ്പാലം ധാരാളം ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രഥമ ദളിത രാഷ്ട്രപതി ആയ ശ്രീ കെ ആര്‍ നാരായണന്‍ മൂന്ന് തവണ ഒറ്റപ്പാലം മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഓട്ടന്‍ തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറുശ്ശി മംഗലം ഒറ്റപ്പാലത്ത് നിന്നും വെറും 8 കിലോമീറ്റര്‍ ദൂരത്തിലാണ്. സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍, ശ്രീ വി പി മേനോന്‍, ശ്രീ കെ പി എസ് മേനോന്‍ (ജൂനിയറും സീനിയറും), ശ്രീ ശിവശങ്കര മേനോന്‍, പ്രൊഫസര്‍ എം ജി കെ മേനോന്‍ തുടങ്ങി ധാരാളം പ്രമുഖരുടെ ജന്മസ്ഥലം ആണ് ഒറ്റപ്പാലം. ഈ അടുത്ത കാലത്തായി ഒറ്റപ്പാലവും സമീപ പ്രദേശങ്ങളും മലയാളം - തമിഴ് സിനിമകളുടെ ഇഷ്ട ലോക്കേഷന്‍ ആണ്. പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ തന്റെ അവസാന കച്ചേരി നടത്തിയത് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ആണ്. ഈ ക്ഷേത്രം നിലകൊള്ളുന്ന സ്ഥലത്തേ പിന്നീട് ചെമ്പൈപുരി എന്ന് പുനര്‍നാമകരണം ചെയ്തു. പതിറ്റാണ്ടുകളായി നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാല്‍ അനുഗ്രഹീതമായ ഒറ്റപ്പാലം, വിദ്യാഭ്യാസ ജില്ല ആസ്ഥാനം കൂടിയാണ്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള NSSKPT ഹൈസ്കൂള്‍, കേന്ദ്രീയ വിദ്യാലയ, LSN കോണ്‍വെന്റ്, NSS കോളേജ്, NSS ട്രെയിനിങ്ങ് കോളേജ്, GHSS, Seventh Day Adventist സ്‌കൂള്‍, അമൃത വിദ്യാലയം, മന്നം മെമ്മോറിയല്‍ സ്‌കൂള്‍, ഇസ്ലാമിക്ക് സെന്‍ട്രല്‍ സ്‌കൂള്‍ തുടങ്ങി വിവിധ സ്‌കൂളുകള്‍ ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്നു. താലൂക്ക് ആശുപത്രി, അശ്വിനി ഹോസ്‌പിറ്റല്‍, സെമാല്‍ക്ക് ഹോസ്‌പിറ്റല്‍, വള്ളുവനാട് ഹോസ്‌പിറ്റല്‍, Seventh Day Adventist ഹോസ്‌പിറ്റല്‍ എന്നിവയാണ് മുഖ്യ ആശുപത്രികള്‍. ഇവ കൂടാതെ, ധാരാളം വിഭാഗങ്ങള്‍ ഉള്ള പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഒറ്റപ്പാലത്ത് നിന്നും 7 കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്നു.


പ്രമുഖ പട്ടണങ്ങളുമായി ഒറ്റപ്പാലം റോഡ് മുഖേനയും റെയില്‍ മുഖേനയും ബന്ധപ്പെട്ട് കിടക്കുന്നു. ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുകളോടുള്ള റെയില്‍വേയുടെ അവഗണന ഇന്നും തുടരുന്നു. ഒരു കാലത്ത് ദക്ഷിണ റെയില്‍വേയിലെ പ്രമുഖ സ്റ്റേഷന്‍ ആയിരുന്ന ഒറ്റപ്പാലത്ത് നിര്‍ത്താതെ ഒരു ട്രെയിനും കടന്ന് പോയിരുന്നില്ല. പല പ്രമുഖരും അക്കാലത്ത് ഡല്‍ഹിയിലേക്കും മറ്റൂം വണ്ടി കയറിയിരുന്നത് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു. കൊങ്കണ്‍ റെയില്‍വേയുടെ വരവോടെ തെക്കോട്ടുള്ള പല വണ്ടികളും കൊങ്കണ്‍ വഴി കടന്ന് പോവുകയും, തുടര്‍ന്ന് പാലക്കാട് വഴി കടന്ന് പോകുന്ന കുറേ വണ്ടികളുടെ സ്റ്റോപ്പ് ഒറ്റപ്പാലത്ത് നിന്ന് എടുത്ത് കളയുകയും ചെയ്തു. അങ്ങിനെ ഒറ്റപ്പാലം വഴി ഇപ്പോഴും കടന്ന് പോകുന്ന ഹൗറ, പാറ്റ്‌ന, ബൊക്കാറോ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വണ്ടികള്‍ ഇവിടെ നിര്‍ത്താതായി. തിരക്കുള്ള സമയങ്ങളില്‍ റെയില്‍വേ പ്രത്യേക തീവണ്ടികള്‍ ഇടാറുണ്ടെങ്കിലും അവയില്‍ മിക്കതും ഒറ്റപ്പാലത്ത് നിര്‍ത്താതെയാണ് കടന്ന് പോകുന്നത്. ഇന്റര്‍സിറ്റി എക്സ്‌പ്രസ്, ആലപ്പി - ധന്‍ബാദ് എക്സ്‌പ്രസ്, ഹൗറ എക്സ്‌പ്രസ്, തിരുവനന്തപുരം മെയില്‍ തുടങ്ങിയ വണ്ടികള്‍ക്ക് ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും എണ്ണമറ്റ നിവേദനങ്ങള്‍ റെയില്‍വേയ്ക്ക് നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് മേല്‍ റെയില്‍വേ ഇപ്പോഴും മൗനം പാലിക്കുന്നു. ഇവയില്‍ ധന്‍ബാദ് എക്സ്‌പ്രസ് ഒഴികെയുള്ള വണ്ടികള്‍ ഷൊര്‍ണ്ണൂര്‍ പോകാത്തതിനാല്‍ ഈ വണ്ടികളില്‍ യാത്ര ചെയ്യേണ്ടവര്‍ തൃശ്ശൂരോ പാലക്കാടോ പോയി വണ്ടി കയറേണ്ട അവസ്ഥയാണ്.


പാലക്കാട് - കുളപ്പുള്ളി സംസ്ഥാന പാത കടന്ന് പോകുന്നത് ഒറ്റപ്പാലം വഴി ആണെങ്കിലും റോഡ് വികസനത്തിന് സ്ഥലം ഇല്ലാതെ വീര്‍പ്പ് മുട്ടുകയാണ് പട്ടണം. തിരക്കേറുന്ന സമയങ്ങളിലും ഉത്സവകാലത്തും ഗതാഗതം നിയന്ത്രിക്കാന്‍ പോലീസുകാര്‍ നന്നേ പാടുപെടുന്നുണ്ട്. ഒറ്റപ്പാലത്തെ ഗതാഗത കുരുക്കിന് പരിഹാരമായി ലക്ഷ്മി തീയറ്റര്‍ മുതല്‍ സെന്‍ഗുപ്ത റോഡും പാലാട്ട് റോഡൂം വീതി കൂട്ടി കിഴക്കേ ഒറ്റപ്പാലത്തേയ്ക്ക് ബന്ധിപ്പിക്കാന്‍ പദ്ധതി ഉണ്ടായിരുന്നെങ്കിലും തദ്ദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിച്ചു. ഭാരതപ്പുഴയ്ക്കും റെയില്‍വേ പാതയ്ക്കും കുറുകെ നിര്‍മ്മിച്ച മായന്നൂര്‍ പാലം ഉദ്ഘാടനം കഴിഞ്ഞതോടെ ആ ഭാഗത്ത് നിന്ന് വരുന്ന വണ്ടികളുടെ എണ്ണവും കൂടെ ആയപ്പോള്‍ റോഡില്‍ തിരക്ക് കൂടി. തൃശ്ശൂര്‍ - മായന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ ഇപ്പോള്‍ ഒറ്റപ്പാലം ബസ് സ്റ്റാന്റ് വരെ സര്‍വീസ് ദീര്‍ഘിപ്പിച്ചു. മായന്നൂര്‍ പാലം വന്നെങ്കിലും ഒറ്റപാലത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുവാന്‍ എളുപ്പവും വേഗവും ഷൊര്‍ണ്ണൂര്‍ വഴി തന്നെ. ചെര്‍പ്പുളശ്ശേരി വഴി പെരിന്തല്‍മണ്ണയ്ക്ക് പോകുന്ന റോഡും പ്രധാനപ്പെട്ട ഒരു പാതയാണ്. പ്രകൃതി രമണീയമായ അനങ്ങന്‍മല ഇക്കോ ടൂറിസം പദ്ധതി ഈ റോഡരികില്‍ ആണ്.


ഒറ്റപ്പാലത്ത് നിരവധി ആരാധനാലയങ്ങള്‍ ഉണ്ട്. വേങ്ങേരി മഹാദേവ ക്ഷേത്രം, പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രം, ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രം, തോട്ടക്കര പാര്‍ത്ഥസാരഥി ക്ഷേത്രം, കിള്ളിക്കാവ് ഭഗവതി ക്ഷേത്രം തുടങ്ങിയവയാണ് ചില പ്രധാന ക്ഷേത്രങ്ങള്‍. വള്ളുവനാട്ടിലെ ഏറ്റവും പ്രസിദ്ധ ഉത്സവമായ ചിനക്കത്തൂര്‍ പൂരം എല്ലാ വര്‍ഷവും ഫെബ്രുവരി - മാര്‍ച്ച് മാസത്തിലും, കിള്ളിക്കാവ് പൂരം ഏപ്രില്‍ 25 നും കൊണ്ടാടുന്നു. ധാരാളം മുസ്ലീം പള്ളികള്‍ ഉള്ള ഒറ്റപ്പാലത്ത്, വീട്ടാംപാറയിലും കണ്ണിയമ്പുറത്തും പാലപ്പുറത്തും ആണ് കൃസ്തീയ ദേവാലയങ്ങള്‍ ഉള്ളത്. ഒറ്റപ്പാലത്തിന് അടുത്തുള്ള വാണിയംകുളവും കൂനത്തറയും പ്രാചീന ക്ഷേത്ര കല ആയ തോല്‍പ്പാവക്കൂത്തിന് പേര് കേട്ട സ്ഥലങ്ങള്‍ ആണ്.