പട്ടാമ്പി
നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടാമ്പി, വള്ളുവനാട്ടിലെ ഒരു പ്രധാന പട്ടണമാണ്. എല്ലാ വര്‍ഷവും ഫിബ്രുവരി - മാര്‍ച്ച് മാസത്തില്‍ ആഘോഷിക്കപ്പെടുന്ന പട്ടാമ്പി നേര്‍ച്ചയാണ് ഇവിടുത്തെ പ്രധാന ഉത്സവം. ജാതിമതഭേതമെന്യേ എല്ലാവരും ഒരു പോലെ പങ്കെടുക്കുന്ന ഈ ഉത്സവം വള്ളുവനാട്ടില്‍ വളരെ പ്രസിദ്ധമാണ്. വള്ളുവനാട്ടിലെ മറ്റ് സ്ഥലങ്ങള്‍ പോലെ തന്നെ പഴയ തലമുറയില്‍ പെട്ടവര്‍ കൃഷിയുമായി ബന്ധപ്പെട്ട് കഴിയുകയാണെങ്കിലും വിദേശ പണം ഇപ്പോള്‍ മിക്ക വീടുകളിലും പ്രധാന വരുമാനമാര്‍ഗ്ഗമാണ്.
ധാരാളം ചെറുഗ്രാമങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പട്ടാമ്പിയില്‍ നിന്നും മിക്ക സ്ഥലത്തേയ്ക്കും ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. വടക്ക് ഭാഗം ഷൊര്‍ണ്ണൂര്‍ - മംഗലാപുരം റെയില്‍പാതയും തെക്ക് ഭാഗം ഭാരതപ്പുഴയും ആയതിനാല്‍ പട്ടാമ്പിയുടെ ഹൃദയഭാഗത്ത് വികസനപ്രവര്‍ത്തികള്‍ ഒന്നും നടത്താനാകാത്ത അവസ്ഥയാണ്. പാലക്കാട് റോഡിലുള്ള മേലേ പട്ടാമ്പിയില്‍ ആണ് ഇപ്പോള്‍ കൂടുതലായും വികസനപ്രവര്‍ത്തികള്‍ നടന്ന് വരുന്നത്. സംസ്കൃതം പ്രധാന ഭാഷയായി പഠിപ്പിക്കുന്ന ചെര്‍പ്പുളസ്സേരി റോഡിലുള്ള ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജ് പട്ടാമ്പിയിലെ ഒരു പ്രധാന വിദ്യാഭാസ സ്ഥാപനമാണ്. പുന്നശ്ശേരി നമ്പി സ്ഥാപിച്ച പെരുമുടിയൂരിലെ ഓറിയന്റല്‍ ഹൈസ്‌കൂള്‍ വളരെ പഴയ ഒരു വിദ്യാഭാസ സ്ഥാപനമാണ്. ഇവ കൂടാതെ സര്‍ക്കാര്‍ ഹൈസ്കൂള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍, പാരല്ലല്‍ കോളേജുകള്‍, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പട്ടണത്തിലും ചുറ്റുവട്ടത്തുമായി സ്ഥിതി ചെയ്യുന്നു. പാലക്കാട് റോഡിലുള്ള സേവന ഹോസ്‌പിറ്റലും, പള്ളിപ്പുറം റോഡിലുള്ള നിള ഹോസ്‌പിറ്റലും പ്രധാന ആശുപത്രികള്‍ ആണ്.
ഗുരുവായൂരിലേക്ക് പട്ടാമ്പിയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര മതിയാകും. പട്ടാമ്പിയുടെ ഹൃദയഭാഗത്ത് തന്നെ ഭാരതപ്പുഴയോട് ചേര്‍ന്ന് പടിഞ്ഞാറേ മഠം ഗുരുവായൂരപ്പന്‍ ക്ഷേത്രം നിലകൊള്ളുന്നു. ഗുരുവായൂര്‍ റോഡില്‍ 3 കിലോമീറ്റര്‍ മാറി, ഭാരതപ്പുഴയോട് ചേര്‍ന്ന് തന്നെ ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കൈത്തളി മഹാദേവ ക്ഷേത്രം, പെരുമുടിയൂര്‍ ശിവ ക്ഷേത്രം, പന്തല്‍ക്കല്‍ ഭഗവതീ ക്ഷേത്രം എന്നിവ കൂടാതെ ധാരാളം പള്ളികളും പട്ടമ്പിയില്‍ ഉണ്ട്. പല ദൂരസ്ഥലങ്ങളിലേക്കും ബസ് സര്‍വീസ് ലഭ്യമാണെങ്കിലും വളരെ കുറച്ച് സൂപ്പര്‍ഫാസ്റ്റ് വണ്ടികള്‍ക്ക് മാത്രം സ്റ്റോപ് ഉള്ളതിനാല്‍ തീവണ്ടി സൗകര്യം വളരെ പരിമിതമാണ്. ഡല്‍ഹിയിലേക്ക് പോകുന്ന എറണാകുളം - നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ഇവിടെ നിര്‍ത്തുമെങ്കിലും നേത്രാവതി, വെസ്റ്റ് കോസ്റ്റ്, ഇന്റര്‍സിറ്റി തുടങ്ങിയ വണ്ടികള്‍ ഇവിടെ നിര്‍ത്താതെ പോകുന്നതിനെതിരെ വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതികരിച്ച് കൊണ്ടിരിക്കുന്നു. പട്ടാമ്പിയെ, ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളുമായും തൃശ്ശൂര്‍ ജില്ലയുമായും ബന്ധിപ്പിക്കുന്ന പാലം വളരെ കാലപ്പഴക്കം ചെന്നതാണ്. പെരുമ്പിലാവ് - പെരിന്തല്‍മണ്ണ സംസ്ഥാന പാത വികസനത്തില്‍ ഉള്‍പ്പെടുത്തി പുതിയ പാലം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു.
കാലാകാലങ്ങളായി പട്ടാമ്പി താലുക്കിനായുള്ള ജനങ്ങളുടേയും രാഷ്ട്രീയക്കാരുടേയും മുറവിളിയ്ക്ക് വിരാമമിട്ട് കൊണ്ട് പട്ടാമ്പി താലൂക്ക് രൂപവത്കരണം യാഥാര്‍ത്യമായി. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലുള്ളവര്‍ക്ക് നിലവിലെ താലൂക്ക് ആസ്ഥാനമായ ഒറ്റപ്പാലത്തേക്കുള്ള യാത്ര ഒഴിവാക്കുന്നത് വഴി പണവും സമയവും ലാഭിക്കാന്‍ കഴിയും.