View in English

പെരിന്തല്‍മണ്ണ

വള്ളുവക്കോനാതിരികള്‍ ഭരിച്ചിരുന്ന വള്ളുവനാട് പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു പെരിന്തല്‍മണ്ണ. മലപ്പുറം ജില്ലയിലെ ഒരു പ്രധാന നഗരസഭ പ്രദേശമായ പെരിന്തല്‍മണ്ണ വ്യാപാര കേന്ദ്രം ആയിട്ടാണ് ആദ്യ കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ശ്രീ ഇ എം എസ് നമൂതിരിപ്പാടിന്റെ ജന്മദേശമായ ഏലംകുളം പെരിന്തല്‍മണ്ണയ്ക്കടുത്താണ്.


മലബാറിലെ ആദ്യ ഹൈസ്‌കൂള്‍, ആദ്യ കോടതി, ആദ്യ താലൂക്ക് ഓഫീസ് എന്നിവ ഈസ്റ്റ് ഇന്ത്യ കമ്പനി നിര്‍മ്മിച്ചത് പെരിന്തല്‍മണ്ണയിലാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും, മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള അത്യാധുനിക ആശുപത്രികളും നിലകൊള്ളുന്ന പെരിന്തല്‍മണ്ണയില്‍ മൗലാന, അല്‍ ശിഫ, അല്‍ സലാമ തുടങ്ങിയ ആശുപത്രികളിലേക്ക് കേരളത്തിന്റെ നാനാ ഭാഗത്തു നിന്നും രോഗികള്‍ എത്തുന്നു.


പാലക്കാട് - കോഴിക്കോട് ദേശീയ പാതയായ NH 966 (പഴയ NH 213) പെരിന്തല്‍മണ്ണയിലൂടെ കടന്ന് പോകുന്നു . കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ഗുരുവായൂര്‍, നിലമ്പൂര്‍, മഞ്ചേരി, മലപ്പുറം, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പെരിന്തല്‍മണ്ണയില്‍ നിന്നും ധാരാളം സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും സര്‍വീസ് നടത്തുന്നു. ചില അന്ത:സംസ്ഥാന ബസ്സുകളും പെരിന്തല്‍മണ്ണ വഴി യാത്ര ചെയ്യുന്നു. കരിപ്പൂരിലുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഈ ഹൈവേയ്ക്കരികില്‍ ആയതിനാല്‍ ഒറ്റപ്പാലം, പാലക്കാട്, മണ്ണാര്‍ക്കാട് ഭാഗങ്ങളില്‍ നിന്നുള്ള വിമാന യാത്രികര്‍ പെരിന്തല്‍മണ്ണ പട്ടണത്തിലൂടെ കടന്ന് പോകുന്നു. 3 കിലോമീറ്റര്‍ അകലെ ഷൊര്‍ണ്ണൂര്‍ - നിലമ്പൂര്‍ പാതയിലുള്ള അങ്ങാടിപ്പുറം ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.


കൊടികുത്തിമലയും പതൈക്കരയും ആണ് രണ്ട് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. വള്ളുവനാട്ടിലെ മറ്റ് പ്രദേശങ്ങള്‍ പോലെ തന്നെ ഇവിടേയും നൂറ്റാണ്ടുകളായി പല വിഭാഗങ്ങളില്‍ പെട്ട ജനങ്ങള്‍ ഒരുമിച്ച് സൗഹാര്‍ദ്ദത്തോടെ കഴിയുന്നു. ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവും അങ്ങാടിപ്പുറം തളി ശിവ ക്ഷേത്രവും ആണ്. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മംഗല്യ പൂജ ഹിന്ദുക്കള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്. അനേകം പള്ളികളും ഇവിടെ ഉണ്ട്.