View in English

ഷൊര്‍ണ്ണൂര്‍

ഭാരതപ്പുഴയോട് ചേര്‍ന്നു കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് ഷൊര്‍ണൂര്‍. ഒരു മുനിസിപ്പാലിറ്റി നഗരമായ ഷൊര്‍ണൂരിന്റെ പഴയ നാമം ചെറുവണ്ണൂര്‍ എന്നായിരുന്നു. നിളാനദിയ്ക്കക്കരെ ചെറുതുരുത്തിയിലുള്ള പ്രശസ്തമായ കേരള കലാമണ്ഡലം എന്ന സ്ഥാപനം കഥകളി, കൂടിയാട്ടം, പഞ്ചവാദ്യം, മോഹിനിയാട്ടം, ഓട്ടംതുള്ളല്‍, എന്നീ കേരളീയ കലകള്‍ അഭ്യസിപ്പിക്കുന്ന കലാക്ഷേത്രമാണ്. പല വിദേശികളും ഈ കലകള്‍ അഭ്യസിക്കാനും ആസ്വദിക്കാനും ഇവിടെ എത്താറുണ്ട് . സിനിമാഷൂട്ടിങ്ങിന് പേരുകേട്ട സ്ഥലമാണ് ഷൊര്‍ണൂര്‍. ഷൊര്‍ണൂരും അതിനോട് ചേര്‍ന്നുകിടക്കുന്ന നിളാനദിയും ധാരാളം മലയാളം - തമിഴ് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


ദക്ഷിണ റെയില്‍വേയുടെ ഭൂപടത്തില്‍ ഒരു കാലത്ത് ഷൊര്‍ണൂരിനു പ്രമുഖ സ്ഥാനമുണ്ടായിരുന്നു. റെയില്‍വേയുടെ അവഗണന മൂലം പ്രതാപം അല്‍പ്പം നഷ്ടപ്പെട്ടെങ്കിലും ഇന്നും കേരളത്തിലെ പ്രധാന ജങ്ക്ഷന്‍ ആണ് ഷൊര്‍ണൂര്‍. പല ദീര്‍ഘദൂര വണ്ടികളും കടന്നു പോകുന്ന ഈ സ്റ്റേഷന്‍ യാത്രക്കാരുടെ ബാഹുല്യവും അവര്‍ക്കുള്ള അസൗകര്യവും മൂലം വീര്‍പ്പു മുട്ടുന്നു. കോഴിക്കോട്, നിലമ്പൂര്‍, പാലക്കാട്‌, എറണാകുളം എന്നീ ഭാഗങ്ങളിലേക്കുള്ള റെയില്‍വേ ട്രാക്കുകള്‍ ഒന്നിച്ചു ചേരുന്ന ഇവിടെ ഒരു തൃകോണ സ്റ്റേഷന് വേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നിട്ടും മാറി മാറി വരുന്ന കേന്ദ്രത്തിലെ റെയില്‍വേ മന്ത്രാലയം കേരളത്തിന്റെ ആവശ്യങ്ങളെ അവഗണിക്കുന്നു.


ഷൊര്‍ണൂരിനടുത്ത് മുണ്ടക്കോട്ടുകുറുശ്ശി മുതല്‍ ഭാരതപ്പുഴ വരെ നീളുന്ന കവളപ്പാറ ദേശം ഏറെ ചരിത്ര പ്രധാനമുള്ളതാണ്. കവളപ്പാറ കൊട്ടാരം ഷൊര്‍ണൂര്‍-കവളപ്പാറ റോഡില്‍ ഇന്നും സ്ഥിതി ചെയ്യുന്നു.


പാലക്കാട്‌ ജില്ലയിലെ വ്യാവസായിക ഭൂപടത്തില്‍ ഷൊര്‍ണൂരിനു പ്രത്യേക സ്ഥാനമുണ്ട്. കാര്‍ഷിക ആവശ്യത്തിനുള്ള മിക്ക ഉപകരണങ്ങളും ഇവിടുത്തെ വ്യാവസായിക കേന്ദ്രങ്ങളില്‍ നിര്‍മ്മിക്കുന്നവയാണ്. ഇവയില്‍ പലതും മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നു. മെറ്റല്‍ ഇന്‍ഡസ്ട്രീസ്, ശ്രീ നാരായണ മെറ്റല്‍ ഇന്‍ഡസ്ട്രീസ്, മയില്‍വാഹനം ഗ്രൂപ്പ്‌ തുടങ്ങിയവ ഇവിടുത്തെ പ്രധാന വ്യാവസായിക സ്ഥാപനങ്ങള്‍ ആണ്. ജില്ലയിലെ അദ്യത്തെ ബസ്‌ സര്‍വ്വീസ് ആയിരുന്ന മയില്‍വാഹനം ഗ്രൂപ്പ്‌ ഇന്നും ഇവിടെ പല റൂട്ടിലും സര്‍വീസ് നടത്തുന്നു. പഴയ തലമുറക്കാര്‍ക്ക് മയില്‍വാഹനം ബസുകളെ ഓര്‍ക്കാതിരിക്കാന്‍ വയ്യ. തൃശൂര്‍, പാലക്കാട്‌ , ഗുരുവായൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, ചേലക്കര എന്നിവിടങ്ങളിലേക്ക് ധാരാളം ബസ്‌ സര്‍വീസ് ഇവിടെ നിന്ന് ലഭ്യമാണ്. മലബാറിനെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന നിളക്ക് കുറുകെയുള്ള പാലം കൊച്ചിന്‍ പാലം എന്നാണ് അറിയപ്പെടുന്നത്. ഈ പാലം വഴി തെക്കന്‍ കേരളത്തിലേക്ക് ധാരാളം ദീര്‍ഘദൂര KSRTC ബസ്സുകളും കടന്നു പോകുന്നു. പാലക്കാട്‌- കുളപ്പുള്ളി സംസ്ഥാന പാത ഇവിടെ നിന്ന് 4 km അകലെയാണ്. കോഴിക്കോട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.


സംസ്ഥാനത്തെ പേരുകേട്ട ആയുര്‍വേദ സ്ഥാപനമായ കേരളിയ ആയുര്‍വേദസമാജം, വിഷ്ണു ആയുര്‍വേദ കോളേജ് എന്നിവ ഷൊര്‍ണൂരിലാണ് . S.N Trust School, Technical High School, Carmel School, K.V.R High School, IPT & GPT College എന്നിവയാണ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഷൊര്‍ണ്ണൂരിനടുത്ത് കുളപ്പുള്ളിയില്‍ ഒരു ഗവണ്‍മെന്റ് പ്രസ്സും പ്രവര്‍ത്തിക്കുന്നുണ്ട്.