View in English

വള്ളുവനാട്

മഹത്തായ സംസ്കാര പാരമ്പര്യത്തിന്റെ നാടാണ് മലബാറില്‍ പണ്ട് സ്ഥിതി ചെയ്തിരുന്ന വള്ളുവനാട് സാമ്രാജ്യം. സാംസ്കാരിക പൈതൃകത്താലും പാരമ്പര്യ സംസ്കൃതിയാലും കേരളത്തിന് ഒരു അലങ്കാരമായി ഇന്നും വള്ളുവനാട് നില കൊള്ളുന്നു. പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകള്‍ പൂര്‍ണ്ണമായും, പൊന്നാനി, തിരൂര്‍, ഏറനാട് താലുക്കുകള്‍ ഭാഗികമായും ചിരപുരാതന സാമ്രാജ്യം ആയിരുന്ന വള്ളുവനാടിന്റെ ഭാഗമായിരുന്നു. തെക്ക് ഭാഗത്ത് ഭാരതപ്പുഴയും, വടക്ക് ഭാഗത്ത് പന്താളൂര്‍ മലനിരകളും, കിഴക്ക് അട്ടപ്പാടി മലനിരകളും (സൈലന്റ് വാലി), പടിഞ്ഞാറ് അറബിക്കടലും ആയിരുന്നു വള്ളുവനാടിന്റെ അതിരുകള്‍. ഉത്തരഅക്ഷാംശം 10°46' നും 11°20' നും പൂര്‍വ്വരേഖാംശം 75°50' നും 76°34' നും ഇടയ്ക്കാണ് വള്ളുവനാട് സ്ഥിതി ചെയ്യുന്നത്.

അറകളും നിറകളും പത്തായങ്ങളും ഉള്ള വീടുകളും, വാസ്തുശില്പിയുടെ വൈദഗ്ധ്യം ഓതുന്ന നാലുകെട്ടുകളും അവയുടെ പത്തായപ്പുരകളും പടിപ്പുരകളും ഒരുകാലത്തു വള്ളുവനാട്ടില്‍ ഏറെ തലയുയര്‍ത്തി നിന്നിരുന്നു. ആതിഥ്യ മര്യാദയിലും ഭാഷാ ശൈലിയിലും വേറിട്ടു നില്ക്കുന്നു വള്ളുവനാട്. ക്ഷേത്രങ്ങളാലും പള്ളികളാലും സമ്പന്നമായ വള്ളുവനാട് മതമൈത്രിയിലും പേരുകേട്ട നാടാണ്.

നെല്ലറയായ പാലക്കാടിന്റെ വിരിമാറിലൂടെ അറബിക്കടലിലെത്തും വരെ സംഗീതം മൂളിയും ചിലങ്കകള്‍ കിലുക്കി നൃത്തമാടിയും ഒഴുകുന്ന നിളാ നദിയാല്‍ അലങ്കൃതമായ വള്ളുവനാട്, കൈരളിയെ സമ്പന്നമാക്കിയ മലയാളത്തിലെ പല പ്രശസ്തരായ കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും ജന്മമേകി. തമിഴ് നാട്ടിലെ ആനമലയില്‍ നിന്നും ആരംഭിച്ച് പൊന്നാനിയില്‍ അറബിക്കടലില്‍ ചേരുന്ന ഭാരതപ്പുഴ കേരളത്തിലെ രണ്ടാമത്തെ വലിയ നദിയാണ്. നിറഞ്ഞൊഴുകിയാലും നീര്‍ച്ചാലായാലും നിളയുടെ തീരത്തെ സാംസ്ക്കാരിക പാരമ്പര്യം വള്ളുവനാടിന്റെ മഹത്വത്തെ വേര്‍തിരിച്ചോതുന്നു. കുഞ്ചന്റെ തുള്ളലും തുഞ്ചന്റെ കിളിക്കൊഞ്ചലും കേട്ടുണരുന്ന വള്ളുവനാട് കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലുകളായ ക്ഷേത്രോത്സവങ്ങളും വാദ്യഘോഷങ്ങളും കൊണ്ട് ധന്യമാണ്.