View in English

ചെര്‍പ്പുളശ്ശേരി

പാലക്കാട്‌ ജില്ലയിലെ പ്രധാനപ്പെട്ട ഒരു ചെറു പട്ടണമാണ് ചെര്‍പ്പുളശ്ശേരി. ഒറ്റപ്പാലത്ത് നിന്നും പതിനേഴു കിലോമീററര്‍ വടക്കു-പടിഞ്ഞാറ് ഭാഗത്താണ് ഈ പട്ടണം. പട്ടാമ്പി, പെരിന്തല്‍മണ്ണ, ഒറ്റപ്പാലം എന്നീ സ്ഥലങ്ങളില്‍ നിന്നും തുല്ല്യ ദൂരത്താണ് ചെര്‍പ്പുളശ്ശേരി. വ്യത്യസ്ഥ മതവിഭാഗങ്ങള്‍ താമസിക്കുന്ന ഈ സ്ഥലം മത മൈത്രിക്ക് പ്രസിദ്ധമാണ്. തായമ്പക, പഞ്ചവാദ്യം തുടങ്ങിയ വാദ്യ മേളങ്ങള്‍ക്ക് വളരെ പേരുകേട്ട സ്ഥലമാണ് ചെര്‍പ്പുളശ്ശേരി. പരേതനായ ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, ചെര്‍പ്പുളശ്ശേരി ശിവന്‍ എന്നിവര്‍ പേരെടുത്ത വാദ്യ കലാകാരന്മാരാണ്. ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക എന്നീ വാദ്യങ്ങള്‍ ഏററവുമധികം ആസ്വദിക്കുന്നവരാണ് ചെര്‍പ്പുളശ്ശേരി സ്വദേശികള്‍. കഥകളിക്ക് പേര് കേട്ട വെള്ളിനേഴി ഗ്രാമം ഇവിടെ അടുത്താണ്.


ഇവിടുത്തെ ജനങ്ങള്‍ മുന്‍-കാലങ്ങളില്‍ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരായിരുന്നു. എന്നാല്‍ കൃഷിക്ക് തൊഴിലാളികളെ കിട്ടാതായതോടെ പല കൃഷികളും അപ്രത്യക്ഷമായി. 1980-90 കളില്‍ യുവാക്കള്‍ ഏറെയും തൊഴിലിനു വേണ്ടി ഗള്‍ഫ് നാടുകളിലേക്ക് കുടിയേറി. അതോടെ പല കുടുംബങ്ങളും ഗള്‍ഫ് വരുമാനത്തെ ആശ്രയിച്ചു തുടങ്ങി. അതാകട്ടെ പലരുടെയും ജീവിതരീതി തന്നെ മാറ്റി. മിക്കവാറും എല്ലാ കുടുംബങ്ങളിലും ഒരാളെങ്കിലും ഗള്‍ഫ് ജോലിക്കാരനായി മാറി. അതിന്റെ ഫലമായി പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള പല ബാങ്കുകളും ചെര്‍പ്പുളശ്ശേരിയില്‍ അവരുടെ ശാഖകള്‍ തുറന്നു. വിദേശ നാണയ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ജനങ്ങളില്‍ കൃഷിയെയും വ്യാപാരത്തെയും ആശ്രയിച്ചു ജീവിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.


ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ വളരെ പിന്നോക്കമാണ് ചെര്‍പ്പുളശ്ശേരി. ചില ക്ലിനിക്കുകളും പരിശോധനാ ലാബോറട്ടറികളും ഇവിടെയുണ്ടെങ്കിലും നല്ലൊരു ആശുപത്രിയോ ഉയര്‍ന്ന പഠനത്തിനുള്ള വിദ്യാഭാസ സ്ഥാപനമോ ഇവിടെയില്ല. ഈയടുത്ത കാലത്തായി പാലക്കാട് റോഡിലുള്ള മാങ്ങോട് എന്ന സ്ഥലത്ത് ഒരു പുതിയ സ്വകാര്യ മെഡിക്കല്‍ കോളേജ് വന്നതാണ് ആകെ ആശ്വാസം.വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളത്തോ പെരിന്തല്‍മണ്ണയിലോ ഉള്ള സ്വകാര്യ ആശുത്രികളെയാണ് പലരും ആശ്രയിക്കുന്നത്. അതു പോലെ, ഉപരിപഠനത്തിനായി വിദ്യാര്‍ഥികള്‍ ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി എന്നി സ്ഥലങ്ങളിലേക്ക് പോകുന്നു. ചെറിയ കോഴ്സുകള്‍ പഠിപ്പിക്കുന്ന ടെക്നിക്കല്‍ സ്ഥാപനങ്ങളും കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളും മാത്രമാണ് ഇവിടെയുള്ളത്. ഒരു ഗവണ്‍മെന്റ്റ് ഹൈസ്കൂള്‍, ചില പാരലല്‍ കോളേജുകള്‍ എന്നിവയ്ക്ക് പുറമേ പട്ടാമ്പി റോഡില്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നു.


വള്ളുവനാട്ടിലെ ഫുട്ബോള്‍ മത്സരങ്ങളില്‍ ചെര്‍പ്പുളശ്ശേരി ഹൈസ്കൂളിനു പ്രമുഖമായ ഒരു സ്ഥാനമുണ്ടായിരുന്നു. 1960-70 കളില്‍ ഒറ്റപ്പാലം വിദ്യാഭാസ ജില്ലയിലെ ഫുട്ബോള്‍ മത്സരങ്ങളില്‍ പല തവണ ചെര്‍പ്പുളശ്ശേരി ഹൈസ്കൂള്‍ തിളക്കമാര്‍ന്ന വിജയം നേടിയിട്ടുണ്ട്. ചെണ്ട മേളത്തേയും കഥകളിയേയും എന്ന പോലെ ഫുട്ബോള്‍ കളികളെയും നെഞ്ചോട് ചേര്‍ത്ത് വെച്ചവരാണ് ഈ പ്രദേശത്തുകാര്‍. കളരിപ്പയറ്റ് പാഠ്യവിഷയമാക്കിയ പാലക്കാട് ജില്ലയിലെ ഏക സ്കൂളായിരുന്നു ചെര്‍പ്പുളശ്ശേരി ഹൈസ്കൂള്‍. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും ഈ സ്കൂള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.


വള്ളുവനാട്ടിലെ പ്രസിദ്ധമായ 'പുത്തനാല്‍ക്കല്‍' കാളവേലയും താലപ്പൊലിയും എല്ലാ വര്‍ഷവും ഫെബ്രുവരി 12, 13 തീയ്യതികളില്‍ സമുചിതമായി ആഘോഷിക്കുന്നു. ജാതി-മത-വര്‍ഗ ഭേതമില്ലാതെ എല്ലാ ജനങ്ങളും ഈ ഉത്സവത്തില്‍ പങ്കാളികളാകുന്നു. അയ്യപ്പന്‍ കാവിലെ പത്തു ദിവസത്തെ ഉത്സവമാണ് മറ്റൊരു പ്രധാന ആഘോഷം. കുംഭ മാസത്തിലെ ഉത്രം നാളിലാണ് കൊടിയേറ്റം. ശബരിമല ഭക്തര്‍ക്ക്‌ ഏറെ വിശേഷപ്പെട്ട ക്ഷേത്രമാണ് അയ്യപ്പന്‍കാവ്. നവംബര്‍ മുതല്‍ ജനുവരി വരെ ആയിരക്കണക്കിന് ഭക്തരാണ് ഇവിടെനിന്നു ശബരിമലയിലേക്ക് മാലയിടുന്നത്. മാലയിട്ട അയ്യപ്പന്മാര്‍ കൂട്ടത്തോടെ ഇവിടെനിന്നു കെട്ട് നിറച്ചു മലയ്ക്ക് പോകുന്നു. ഈ കാലയളവില്‍ ക്ഷേത്രത്തില്‍ പല ദിവസങ്ങളിലായി അയ്യപ്പന്‍ വിളക്കും ഉണ്ടാകാറുണ്ട്. അയ്യപ്പന് മുന്നില്‍ വിവാഹം നടത്തുന്ന ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍ കാവ്‌. "തീയ്യാട്ട്" എന്ന ക്ഷേത്രകലയും ഉത്സവകാലങ്ങളില്‍ ഈ ക്ഷേത്രത്തില്‍ ഉണ്ടാവാറുണ്ട്. ഇവിടുത്തെ മറ്റു പലക്ഷേത്രങ്ങളും കുംഭ-മീന മാസങ്ങളില്‍ ഉത്സവം, താലപ്പൊലി, കാളവേല എന്നിവ ആഘോഷിക്കുന്നു.